2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച

ചാവക്കാട് കടലില്‍ തിരമാലയില്‍പ്പെട്ട് വഞ്ചി മറിഞ്ഞ് തൊഴിലാളി മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: ബ്ളാങ്ങാട് കടലില്‍ തിരമാലയില്‍പ്പെട്ട് വഞ്ചി മറിഞ്ഞ് തൊഴിലാളി മരിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്. കടപ്പുറം ഇരട്ടപ്പുഴ കോളനിപ്പടി പറയച്ചന്‍ വീട്ടില്‍ കൃഷ്ണന്‍ (58) ആണ് മരിച്ചത്. ഉച്ചക്ക് 2.35ഓടെയാണ് സംഭവം. പരിക്കേറ്റ മണത്തല നാഗയക്ഷി ക്ഷേത്രത്തിനടുത്ത് പറയച്ചന്‍ വീട്ടില്‍ സാമി (58), മടേകടവില്‍ താമിക്കുന്ന ഇരട്ടപ്പുഴ ബ്ളാങ്ങാട് വീട്ടില്‍ വേണുഗോപാലന്‍ (59), മണത്തല സിദ്ദീഖ് പള്ളിക്കടുത്ത് പാലക്കല്‍ വീട്ടില്‍ ഹനീഫ (57) എന്നിവരെ മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടലില്‍ നങ്കൂരമിട്ട ഫൈബര്‍ വള്ളത്തിലേക്ക് ഇന്ധനവും മറ്റു സാമഗ്രികളും എത്തിച്ച് തിരിച്ചു കരയിലേക്കു വരുന്നതിനിടെ വഞ്ചി കരവലിവ് തിരമാലയില്‍ പെടുകയായിരുന്നു.
 ഇതോടെ നാലു പേരും കടലിലേക്ക് തെറിച്ചു വീണു. മറിഞ്ഞ വഞ്ചിക്കടിയില്‍പ്പെട്ട കൃഷ്ണന്റെ തലയില്‍ വഞ്ചി ഇടിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവര്‍ കൃഷ്ണനെ താങ്ങിയെടുത്ത് കരക്കെത്തിക്കുകയായിരുന്നു. ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചക്ക് 12ന് സംസ്ക്കരിക്കും. ഭാര്യ: മോഹിനി. മക്കള്‍: ഷൈലന്‍ (അബൂദബി), സജിനി, ശാലിനി, സിമി. മരുമക്കള്‍: കാര്‍ത്തികേയന്‍, ശ്യാംപ്രസാദ് (രണ്ടുപേരും ദുബയ്), സയന.
 
കൃഷ്ണന്റെ മരണം വിശ്വസിക്കാനാവാതെ സഹതൊഴിലാളികള്‍
ചാവക്കാട്: കടലില്‍ തിരമാലയില്‍പ്പെട്ട് വഞ്ചി മറിഞ്ഞ് കൃഷ്ണന്‍ മരിച്ചുവെന്ന വാര്‍ത്ത വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് ഒപ്പമുണ്ടായിരുന്ന വേണുഗോപാലനും ഹനീഫയും സാമിയും. ബ്ളാങ്ങാട് കടപ്പുറത്തെ പാരമ്പര്യ മല്‍സ്യതൊഴിലാളികളില്‍ അവശേഷിക്കുന്ന ചുരുക്കം പേരില്‍ ചിലരായിരുന്നു ഇന്നലെ അപകടത്തില്‍പ്പെട്ടത്. കടലില്‍ നങ്കൂരമിട്ട ഫൈബര്‍ വള്ളത്തിലേക്ക് ഇന്ധനവും മറ്റു സാമഗ്രികളും എത്തിച്ച് തിരിച്ചു കരയിലേക്കു വരുന്നതിനിടെ വഞ്ചി കരവലിവ് തിരമാലയില്‍പ്പെട്ട് മറിയുകയായിരുന്നു. നാലു പേരും വഞ്ചിയില്‍ നിന്നും കടലിലേക്ക് തെറിച്ചു വീണെങ്കിലും കൃഷ്ണന്‍ വഞ്ചിക്കടിയില്‍ കുടുങ്ങി. മറിഞ്ഞ വഞ്ചിക്കടിയില്‍പ്പെട്ട കൃഷ്ണന്റെ തലയില്‍ വഞ്ചി ഇടിക്കുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ മറ്റു മൂന്നു പേരും കൃഷ്ണനെ താങ്ങിയെടുത്ത് കരക്കെത്തിച്ചു. എന്നാല്‍ കൃഷ്ണന്റെ പരിക്ക് നിസാരമാണെന്ന വിശ്വാസത്തിലായിരുന്നു സഹതൊഴിലാളികള്‍. എന്നാല്‍ മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃഷ്ണന്റെ ജീവന്‍ രക്ഷിക്കാനായില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ