2011, ജൂൺ 19, ഞായറാഴ്‌ച

ഓട്ടോറിക്ഷയ്ക്ക് പിറകില്‍ ലോറിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു

വാടാനപ്പള്ളി: ഏങ്ങണ്ടിയൂര്‍ എലൈറ്റ്പടിയില്‍ ഓട്ടോറിക്ഷയ്ക്ക് പിറകില്‍ ലോറിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു. പാലാഴി പുള്ളിയില്‍ മോഹനന്റെ മകന്‍ ശോഭനനാണ് (കണ്ണന്‍-26) മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരന്‍ എലൈറ്റ്പടി പടിഞ്ഞാറ് ചെമ്പന്‍വീട്ടില്‍ കുമാരന് (62) പരിക്കേറ്റു.
ശനിയാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയാണ് അപകടമുണ്ടായത്. ദേശീയപാതയിലൂടെ വടക്കുനിന്ന് വന്നിരുന്ന ഓട്ടോറിക്ഷ വലതുഭാഗത്തേയ്ക്ക് തിരിച്ചപ്പോള്‍ പിന്നില്‍നിന്നു വന്നിരുന്ന ലോറി ഓട്ടോയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്ത ട്രാന്‍സ്‌ഫോര്‍മറിലിടിച്ച ഓട്ടോയില്‍ നിന്ന് ശോഭനനും കുമാരനും തെറിച്ചുവീണു. ലോറി സമീപത്തെ കരീപ്പാടത്ത് ബലരാമന്റെ മതിലിടിച്ച് തകര്‍ത്ത് അകത്തുകയറി.  അതീവഗുരുതരമായി പരിക്കേറ്റ ശോഭനനെ ഏങ്ങണ്ടിയൂര്‍ എം.ഐ. ആസ്​പത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയിട്ട് തൃശ്ശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുമാരന്‍ വെസ്റ്റ്‌ഫോര്‍ട്ട് ആസ്​പത്രിയില്‍ ചികിത്സയിലാണ്.  ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ലോറി ഡ്രൈവര്‍ തളിക്കുളം സ്വദേശി സുധിയെ വാടാനപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏഴുമാസം മുമ്പാണ് ശോഭനന്റെ വിവാഹം കഴിഞ്ഞത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ