2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

ഭാഗവതാചാര്യനും നാമോപാസകനുമായ ആഞ്ഞം കൃഷ്ണന്‍ നമ്പൂതിരി നിര്യാതനായി


ഗുരുവായൂര്‍: ഭാഗവതാചാര്യനും നാമോപാസകനുമായ ആഞ്ഞം കൃഷ്ണന്‍  നമ്പൂതിരി  (77)  നിര്യാതനായി. ഇന്നലെ വൈകിട്ട് 3.20നു കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മൂന്നു മാസത്തിലേറെയായി  ശ്വാസകോശ രോഗത്തിനും കരള്‍ രോഗത്തിനും ചികിത്സയിലായിരുന്നു. ഗുരുവായൂര്‍ നാരായണാലയത്തില്‍ പൊതുദര്‍ശനത്തിനു വച്ച   മൃതദേഹം പിന്നീടു പട്ടാമ്പിയിലെ വസതിയിലേക്കു കൊണ്ടുപോയി.
ആത്മാവിനെ തൊട്ടുണര്‍ത്തുന്ന നിഷ്കളങ്ക ഭക്തിഭാവമായിരുന്നു കൃഷ്ണന്‍ നമ്പൂതിരിയുടെ ഭാഗവത സപ്താഹങ്ങളുടെ സവിശേഷത. കേരളത്തിനകത്തും പുറത്തും വിദേശങ്ങളിലുമായി അഞ്ഞൂറിലേറെ ഭാഗവത സപ്താഹങ്ങള്‍ നടത്താന്‍ കഴിഞ്ഞ ആചാര്യനാണ്. ആഞ്ഞത്ത് മധുസൂദനന്‍ സോമയാജിപ്പാടിന്റെയും പാഞ്ഞാള്‍ വയ്ക്കാക്കര പാര്‍വതി പത്തനാടിയുടെയും മകനായി 1934ലാണു ജനനം. ജ്യേഷ്ഠന്‍ തിരുനാമാചാര്യന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരിയുടെ ആധ്യാത്മിക പൈതൃകം ഏറ്റെടുക്കാനായി 1949ല്‍ ഗുരുവായൂരിലെത്തി. 

ഗുരുവായൂര്‍ രാമചന്ദ്രശാസ്ത്രിയില്‍ നിന്നു സംസ്കൃതവും പിതാവ് ആഞ്ഞം മധുസൂദനന്‍ സോമയാജിപ്പാടില്‍ നിന്നു വേദാധ്യയനവും പഠിച്ചു. തൃശൂര്‍ ബ്രഹ്മസ്വം മഠത്തില്‍ നിന്നു കൂടുതല്‍ വേദപാഠങ്ങള്‍ പഠിച്ച് ആഞ്ഞം മാധവന്‍ നമ്പൂതിരിക്കൊപ്പം ഭാഗവത പാരായണത്തില്‍ ശിക്ഷണം നേടി. 1977 മുതല്‍ ഭാഗവത സപ്താഹങ്ങള്‍ നടത്താന്‍ തുടങ്ങി.  ആദ്യം തിരുനാമാചാര്യനോടൊപ്പവും 1988ല്‍ അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം സ്വന്തമായും സപ്താഹങ്ങള്‍ നടത്തി. 

ഇന്ത്യക്കു പുറത്ത് ആദ്യമായി കേരളീയ രീതിയില്‍ സപ്താഹം നടത്തിയതു കൃഷ്ണന്‍ നമ്പൂതിരിയാണ്. 1992ല്‍ മലേഷ്യയിലായിരുന്നു സപ്താഹം. തുടര്‍ന്നു ദുബായ്, ഷാര്‍ജ, അബുദാബി, അയര്‍ലന്‍ഡ്, ഇംഗണ്ട് എന്നിവിടങ്ങളിലും സത്സംഗങ്ങളില്‍ പ്രഭാഷണവും ഭാഗവത പാരായണവും സപ്താഹവും നടത്തി. രോഗബാധിതനായ ശേഷവും കഴിഞ്ഞ മേയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൈശാഖകാല സപ്താഹത്തിലും തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിലെ സപ്താഹത്തിലും പങ്കെടുത്തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ