2011, ജൂലൈ 29, വെള്ളിയാഴ്‌ച

ഗുരുവായൂര്‍ കോമരം അഴീക്കല്‍ ദാമോദരന്‍ നായര്‍


ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇടത്തരികത്തുകാവിലെയും മുതുവട്ടൂര്‍ ചെറ്റിയാലയ്ക്കല്‍ ഭഗവതീക്ഷേത്രത്തിലെയും കോമരം അഴീക്കല്‍ ദാമോദരന്‍നായര്‍ (78) നിര്യാതനായി. വ്യാഴാഴ്ച സന്ധ്യയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഗുരുവായൂരിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആസ്​പത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ രാത്രി എട്ടരയോടെ അന്ത്യം സംഭവിച്ചു.ആറു പതിറ്റാണ്ടിലേറെയായി ഗുരുവായൂരിലെയും പരിസരങ്ങളിലെയും ഭഗവതീക്ഷേത്രങ്ങളില്‍ വെളിച്ചപ്പാടായി നിയോഗം നടത്തിയ ദാമോദരന്‍ നായര്‍ കോമരങ്ങളുടെ കുലപതിയായിരുന്നു.പാന തുടങ്ങിയ അനുഷ്ഠാനച്ചടങ്ങുകള്‍ ഹൃദിസ്ഥമായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യാവകാശി കൂടിയാണ്. ക്ഷേത്രത്തില്‍ വിളക്കുവെപ്പിന്റെ ചുമതലക്കാരനായിരുന്നു അഴീക്കല്‍ കുടുംബാംഗമായ ദാമോദരന്‍ നായര്‍. അറുപതുവര്‍ഷത്തോളം വിളക്കുവെപ്പിന് നേതൃത്വം നല്‍കി.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്ക് കതിര്‍കറ്റകള്‍ കൊണ്ടുവരാനുള്ള അവകാശവും അഴീക്കല്‍, മനയം വീട്ടുകാര്‍ക്കുള്ളതാണ്. അരനൂറ്റാണ്ടിലേറെ ഇല്ലംനിറയ്ക്ക് ദാമോദരന്‍ നായര്‍ കതിര്‍കറ്റകള്‍ ശിരസ്സിലേറ്റി നേതൃത്വം നല്‍കി. രാമന്‍ നായരുടെയും അഴീക്കല്‍ മീനാക്ഷിഅമ്മയുടെയും മകനായി 1933ല്‍ ജനിച്ചു. നാലകത്ത് വടക്കത്തു നാരായണതരകന്റെ ശിഷ്യനാണ്. ദാമോദരന്‍ നായര്‍ക്ക് ഗുരുവായൂര്‍ ദേവസ്വത്തിന്‍േറത് ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികളും ലഭിച്ചിട്ടുണ്ട്. ആഗസ്ത് ഏഴിന് തിരുവെങ്കിടം പാനയോഗം നല്‍കുന്ന ഗോപി വെളിച്ചപ്പാട് സ്മാരക സുവര്‍ണ്ണമുദ്രയ്ക്ക് ദാമോദരന്‍ നായരെ തിരഞ്ഞെടുത്തിരുന്നു.ഭാര്യ: ഗുരുവായൂര്‍ പിള്ളനേഴി പരേതയായ കനറാ ബാങ്ക് ഉദ്യോഗസ്ഥ ദിനമണി. മകള്‍: രാധിക. മരുമകന്‍: വിജയന്‍ (ഗള്‍ഫ്). 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ