2011, ജൂലൈ 4, തിങ്കളാഴ്‌ച

എഴുത്തുകാരനും സംവിധായകനുമായ ടി.രവീന്ദ്രന്‍ എന്ന ചിന്ത രവി നിര്യാതനായി


തൃശൂര്‍: എഴുത്തുകാരനും സംവിധായകനുമായ ടി.രവീന്ദ്രന്‍ എന്ന ചിന്ത രവി (65) നിര്യാതനായി. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു മരണം. കുറച്ചുനാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

ഒരേ തൂവല്‍ പക്ഷികള്‍, ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, ഹരിജന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഒരേ തൂവല്‍ പക്ഷികള്‍ക്ക് മികച്ച ചിത്രത്തിനടക്കം മൂന്ന് സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചു. ജി. അരവിന്ദനെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചു. സാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി മറ്റു പുരസ്കാരങ്ങളും ചിന്ത രവിയെ തേടിയെത്തിയിട്ടുണ്ട്.

1946 ല്‍ കോഴിക്കോട്ട് ജനിച്ച രവി കോഴിക്കോട്ടും മുംബൈയിലുമായാണ് വിദ്യാഭ്യസം പൂര്‍ത്തിയാക്കിയത്. പത്രപ്രവര്‍ത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച രവീന്ദ്രന്‍ ചിന്ത, കലാകൌമുദി വാരികകളിലും പ്രവര്‍ത്തിച്ചു. അകലങ്ങളിലെ മനുഷ്യര്‍, ബുദ്ധപഥം, സ്വിസ് സ്കെച്ചുകള്‍, കലാവിമര്‍ശനം ഒരു മാര്‍ക്സിസ്റ് മാനദണ്ഡം എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഗൃഹദേശരാശികള്‍ എന്ന പുസ്തകം പ്രസിദ്ധീകരണത്തിന് തയാറായിക്കൊണ്ടിരിക്കവെയാണ് അന്ത്യം.

മലയാളത്തിലെ ആദ്യത്തെ ദൃശ്യയാത്രാവിവരണമായ എന്റെ കേരളം അവതരിപ്പിച്ചതും സംവിധാനം ചെയ്തതും ചിന്ത രവിയായിരുന്നു. ചൊവ്വാഴ്ച സാഹിത്യ അക്കാദമി ഹാളില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കുന്ന മൃതദേഹം വൈകിട്ട് നാലിന് സംസ്കരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ