2013, ഡിസംബർ 17, ചൊവ്വാഴ്ച

ചേറ്റുവ കനോലി കനാലില്‍ യുവാവിന്‍റെ മൃതദേഹം കരക്ക് അടിഞ്ഞു

കെ എം അക് ബര്‍
ചാവക്കാട്‌: കടപ്പുറം അഞ്ചങ്ങാടി ബുഖാറ പള്ളിക്ക് കിഴക്ക്‌ കനോലികനാല്‍ പാണ്ടിലക്കടവില്‍ യുവാവിന്‍റെ മൃതദേഹം കരക്ക് അടിഞ്ഞു. അന്തിക്കാട് സ്വദേശി മങ്ങാട്ട്കര വീട്ടില്‍ മരാശേരി ബാലക്രിഷ്ണന്റെ മകന്‍ ബിനോയ് (32) യുടെ മൃതദേഹം ആണ്‌ ഇന്ന് (ചൊവ്വാഴ്ച്ച) വൈകുന്നേരം അഞ്ചര മണിയോടെ കരക്ക് അടിഞ്ഞത്.

നാട്ടുകാരിലൊരാളാണ് മൃതദേഹം കണ്ടത്‌. കാവിമുണ്ടും ചെക്ക് ഷര്‍ട്ടും ധരിച്ച് കമിഴ്ന്നു കിടന്ന രീതിയിലാണ് മൃതദേഹം കരക്കടിഞ്ഞത്. ആശാരിപ്പണിക്കാരനായിരുന്ന ബിനോയിയെ തിങ്കളാഴ്ച വൈകുനേരം മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ അന്തിക്കാട് പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച്ച രാത്രി ചേറ്റുവ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതായി സംശയിക്കുന്നു. പുഴയില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്നവര്‍ പുഴയിലേക്ക് ആരോ ചാടിയ ശബ്ദം കേട്ടിരുന്നു. പാലത്തിനു സമീപത്ത്‌ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍  സൈക്കിള്‍ ലഭിച്ചിട്ടുണ്ട്. ഇയാളുടെതാണോ സൈക്കിള്‍ എന്ന്‍ സംശയിക്കുന്നു. 

എസ് ഐ എം കെ ഷാജി, എസ് ഐ വി എ സഗീര്‍, എ എസ് ഐ പ്രഭാകരന്‍ എന്നിവരുടങ്ങുന്ന പോലീസ്‌ സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ മോര്‍ച്ചറിയില്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ