2013, ഡിസംബർ 2, തിങ്കളാഴ്‌ച

ബൈക്കില്‍ പിക്ക്അപ് വാനിടിച്ച് ബൈക്ക് യാത്രികനായ പോലിസുകാരന്‍ മരിച്ചു

തൃശൂര്‍: ഡ്യൂട്ടികഴിഞ്ഞു വീട്ടിലേക്കു മടങ്ങുംവഴി പിക്ക് അപ് വാന്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികായിരുന്ന പോലീസുകാരന്‍ മരിച്ചു. പാലക്കാട് പുതുപരിയാരം ഹേമാംബിക നഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റിലെ വാല്‍പ്പറമ്പില്‍ ഭാസ്കരന്റെ മകന്‍ സുധീര്‍ (40) ആണ് മരിച്ചത്.


രാമവര്‍മ്മപുരം പോലിസ് അക്കാദമിയിലെ സിവില്‍ പോലിസ് ഓഫീസറാണ് സുധീര്‍. ഇന്നലെ രാവിലെ എഴിനു ഡ്യൂട്ടികഴിഞ്ഞു പാലക്കാട്ടെ വീട്ടിലേയ്ക്കു പോകുമ്പോള്‍ പട്ടിക്കാട് തമ്പുരാട്ടിപടിയ്ക്കലാണ് അപകടം നടന്നത്. പാലക്കാട് നിന്നു പനനൊങ്ക് കയറ്റി വരികയായിരുന്ന മഹിന്ദ്ര പിക്കപ്പ് വാന്‍ സുധീര്‍ ഓടിച്ചിരുന്ന ബുളളറ്റില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ സുധീറിനെ നാട്ടുകാര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പോലിസ് പറഞ്ഞു. 

സംഭവത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ തമിഴ്നാട് തെങ്കാശി സ്വദേശി ഷണ്മുഖതിനെതിരെ പീച്ചി പോലിസ് കേസെടുത്തു. സുധീറിന്റെ മൃതദേഹം തൃശൂര്‍  മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം പോലിസ് അക്കാദമിയില്‍ പൊതുദര്‍ശനത്തിനു വച്ചു. വൈകിട്ട് വീട്ടിലേയ്ക്ക് കൊണ്ടുപോയി. മൂന്നു വര്‍ഷമായി രാമവര്‍മ്മപുരം അക്കാദമിയില്‍ ഉദ്യോഗസ്ഥാണ് സുധീര്‍. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ